മുണ്ടക്കൈ–ചൂരൽമല ഉരുള്‍പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ നിർമ്മിച്ചുകൊണ്ടിരിക്കുന്ന വയനാട് ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25ന് നടത്താനിരുന്ന ചടങ്ങ് ഇപ്പോൾ മാർച്ച് ഒന്നിലേക്ക് മാറ്റിയതായി അറിയിപ്പുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിവിധ വകുപ്പുകൾക്ക് നൽകിയ അറിയിപ്പിലൂടെയാണ് തീരുമാനം പുറത്തുവന്നത്. എന്നാൽ ഉദ്ഘാടനം മാറ്റിവെച്ചതിന്റെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഉരുള്‍പൊട്ടലിൽ വീടുകൾ നഷ്ടപ്പെട്ടവർക്കായി പുനരധിവാസ പദ്ധതിയുടെ ഭാഗമായി സർക്കാർ ടൗൺഷിപ്പ് നിർമ്മിച്ചുവരികയാണ്. മഴക്കാലത്തിന് മുൻപ് ഭൂമിയും വീടും നൽകി പൂർണ്ണ പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഉദ്ഘാടനം പുതിയ തീയതിയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ബന്ധപ്പെട്ട ഒരുക്കങ്ങൾ തുടരുകയാണ്.