ചെന്നൈ: തമിഴ്നാട്ടിൽ ഘട്ടഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് നടൻ വിജയ്യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ. സംസ്ഥാനത്തുടനീളമുള്ള 717 ടാസ്മാക് (TASMAC) മദ്യവിൽപ്പന ശാലകൾ പൂട്ടി പൂട്ടിയതായി സർക്കാർ ഔദ്യോഗികമായി അറിയിച്ചു. പൂട്ടിയ മദ്യക്കടകളുടെ കൃത്യമായ കണക്കുകൾ വ്യക്തമാക്കുന്ന റിപ്പോർട്ട് വിജയ് സർക്കാർ പുറത്തുവിട്ടു.
തമിഴക വെട്രി കഴകം (TVK) അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്നും ഘട്ടഘട്ടമായി പൂർണ്ണ നിരോധനത്തിലേക്ക് നീങ്ങുമെന്നും വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യപടിയായാണ് ജനവാസ മേഖലകളിലും വിദ്യാലയങ്ങൾക്ക് സമീപവുമുള്ള 717 ഔട്ട്ലെറ്റുകൾ ഒരൊറ്റ ഉത്തരവിലൂടെ പൂട്ടാൻ സർക്കാർ നടപടിയെടുത്തത്.
സർക്കാരിന്റെ ഈ പുതിയ നീക്കത്തെ വലിയ ആവേശത്തോടെയാണ് സ്ത്രീകളും സന്നദ്ധ സംഘടനകളും വരവേറ്റത്. മദ്യവിൽപ്പനയിലൂടെയുള്ള വരുമാനത്തെക്കാൾ ജനങ്ങളുടെ ക്ഷേമത്തിനാണ് മുൻഗണനയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. വരും മാസങ്ങളിൽ കൂടുതൽ ടാസ്മാക് കടകൾ പൂട്ടാനാണ് സർക്കാരിന്റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.