ന്യൂഡൽഹി: ഇന്ത്യൻ ചലച്ചിത്ര ലോകത്തിന്, പ്രത്യേകിച്ച് മലയാള സിനിമയ്ക്ക് വീണ്ടുമൊരു അഭിമാന നിമിഷം. ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് രാജ്യത്തിന്റെ മൂന്നാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നും മെഗാസ്റ്റാർ മമ്മൂട്ടി ഏറ്റുവാങ്ങി. അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമാ ലോകത്തിന് അദ്ദേഹം നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് ഈ ആദരവ്.

രാഷ്ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തിൽ നടന്ന രണ്ടാമത് സിവിലിയൻ ഇൻവെസ്റ്റിചർ ചടങ്ങിലാണ് പുരസ്കാര സമർപ്പണം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി നിരവധി പ്രമുഖ നയതന്ത്രജ്ഞരും കായിക-സാംസ്കാരിക നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. പുരസ്കാരം സ്വീകരിക്കുന്നതിനായി മമ്മൂട്ടിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ സുൽഫത്ത്, മകനും നടനുമായ ദുൽഖർ സൽമാൻ, മകൾ സുറുമി എന്നിവരും തലസ്ഥാനത്ത് എത്തിയിരുന്നു.

ക്ലാസിക് ബന്ദ്ഗാല ധരിച്ച് വേദിയിലേക്ക് എത്തിയ മമ്മൂട്ടി സദസ്സിലുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വണങ്ങുകയും, പ്രധാനമന്ത്രി പുഞ്ചിരിയോടെ അത് സ്വീകരിക്കുകയും ചെയ്തു. മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങുന്ന നിമിഷം സദസ്സിലിരുന്ന് ദുൽഖർ സൽമാൻ കയ്യടിയോടെയും ആവേശത്തോടെയും ആ സുപ്രധാന നിമിഷത്തെ വരവേറ്റത് ചടങ്ങിന്റെ മനോഹരമായ കാഴ്ചയായി. 1998-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു. മൂന്ന് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂട്ടിയുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവലായി ഈ പത്മഭൂഷൺ പുരസ്കാരം മാറി.