ദുബായ്: വാഹന ഉടമകൾക്ക് വലിയ ആശ്വാസമേകുന്ന ഒരു പുതിയ സ്മാർട്ട് സേവനവുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ഇനി മുതൽ ദുബായിൽ വാഹനങ്ങളുടെ വാർഷിക രജിസ്ട്രേഷൻ പുതുക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ടെസ്റ്റിങ് സെന്ററുകളിൽ നേരിട്ടെത്തി മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടതില്ല. ഇതിനായി അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ‘മൊബൈൽ വാഹന പരിശോധനാ സംവിധാനം’ (Mobile Vehicle Inspection) ആർടിഎ ഔദ്യോഗികമായി സമാരംഭിച്ചു.
ആർടിഎയുടെ ലൈസൻസോടെ ‘അബീർ’ (ABER Vehicle Testing) എന്ന സ്ഥാപനവുമായി ചേർന്നാണ് ഈ സ്മാർട്ട് ട്രക്കുകൾ നിരത്തിലിറക്കിയിരിക്കുന്നത്. വാഹന ഉടമകൾക്ക് തങ്ങളുടെ സൗകര്യപ്രദമായ സമയവും സ്ഥലവും തെരഞ്ഞെടുത്ത് ഈ മൊബൈൽ സർവീസ് ബുക്ക് ചെയ്യാവുന്നതാണ്. നിശ്ചയിച്ച സ്ഥലത്ത് എത്തുന്ന മൊബൈൽ പരിശോധനാ ട്രക്ക് മിനിറ്റുകൾക്കകം വാഹനത്തിന്റെ സുരക്ഷാ-സാങ്കേതിക മാനദണ്ഡങ്ങൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകും.
ആർടിഎ റിന്യൂവൽ ടെസ്റ്റ് (RTA Renewal Test), ട്രാൻസ്‌പോർട്ട് ടെസ്റ്റ് (Transport Test), എക്‌സ്‌പോർട്ട് ടെസ്റ്റ് (Export Test), ഡാറ്റാ ടെസ്റ്റ് (Data Test) തുടങ്ങിയ എല്ലാ സുപ്രധാന പരിശോധനകളും ഈ മൊബൈൽ യൂണിറ്റിലൂടെ ലഭ്യമാണ്. ദുബായിലെ ജനങ്ങളുടെ ജീവിതം കൂടുതൽ സുഗമമാക്കാനും സർക്കാർ സേവനങ്ങൾ ജനങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കാനുമുള്ള സ്മാർട്ട് സിറ്റി വിഷന്റെ ഭാഗമായാണ് ഈ പുതിയ ട്രാഫിക് പരിഷ്കാരം നടപ്പിലാക്കിയിരിക്കുന്നത്.